വനിതാ സൗജന്യ ബസുകൾക്ക് തടസ്സം; കെഎസ്ആർടിസിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ വനിതാ സൗജന്യ യാത്രാ ബസ് സർവീസായ ‘പ്രിയദർശിനി’ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും സർവീസ് തടസ്സപ്പെടുത്തലുകളിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ്. ജീവനക്കാരെ ആക്രമിക്കുന്നവർക്കും പൊതുമുതൽ നശിപ്പിക്കുന്നവർക്കും എതിരെ പി ഡി പി പി ആക്ട് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വൈക്കത്തിന് സമീപം പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാർ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 24ന് കൊല്ലം – പത്തനംതിട്ട സർവീസിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ കെഎസ്ആർടിസി ഡ്രൈവർ എസ്. രാജീവിനെ മർദ്ദിച്ചു.
പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുഗതാഗത സേവനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ പൊലീസുമായി ഏകോപിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഇത്തരം അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും കെഎസ്ആർടിസി അഭ്യർത്ഥിച്ചു.



