പാർട്ടി പുനഃസംഘടനയ്ക്ക് ഊന്നൽ; കേരളത്തിൽ മുന്നേറ്റം ലക്ഷ്യം

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് സംസ്ഥാനം അംഗീകരിച്ചതായും പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തും. പാർട്ടിയെ ഉടനീളം ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിപുലീകൃത സംസ്ഥാന സമിതി സെപ്തംബർ 13 മുതൽ 15 വരെ കോഴിക്കോട് നടത്താൻ തീരുമാനിച്ചതായി എം വി ഗോവിന്ദൻ അറിയിച്ചു. ‘പാർട്ടി ഇടപെടൽ ശക്തിപ്പെടുത്താനും വിപുലീകരിക്കുന്നതിനും ശ്രമിക്കും. ഊർജസ്വലമായി പാർട്ടിയെ മുന്നോട്ടേക്ക് നയിക്കുന്നതിനായി പുതുക്കിപ്പണിയുന്ന രീതി സ്വീകരിക്കാനാണ് ഈ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.’-
എം വി ഗോവിന്ദൻ വ്യക്തമാക്കി.പാർട്ടിയുടെ എല്ലാ മേഖലകളിലും ഇടപെട്ട് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി അതിവേഗം പാർട്ടിക്ക് കേരളത്തിൽ മുന്നേറ്റം സൃഷ്ടിക്കാനാവുന്ന എല്ലാ തരത്തിലുളള പാർട്ടി പ്രർത്തനവും ശക്തിപ്പെടുത്തും. ഇത്തരം ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലൂടെ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യം സംഘപരിവാർ ശക്തികൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. രാജ്യത്തെ കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന സിജെപി സമരത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചു.




