കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമായിരുന്നു വി.എസ്; ആശയങ്ങൾക്ക് മരണമില്ലെന്ന് പിണറായി വിജയൻ”

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയും രാഷ്ട്രീയ സംഭാവനകളെയും അനുസ്മരിച്ച് പിണറായി വിജയൻ. വി.എസ് എന്ന പേര് ഒരു വ്യക്തിയുടേത് മാത്രമല്ല, മറിച്ച് കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമാണെന്ന് പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അടിച്ചമർത്തപ്പെട്ടവർക്കായി തെരുവിൽ പോരാടിയ ഒരു യുവാവിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതം, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവന ചരിത്രം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങളിൽ നേരിടേണ്ടി വന്ന കടുത്ത പോലീസ് മർദ്ദനങ്ങളും നീണ്ട ജയിൽവാസവും ആ വിപ്ലവകാരിയെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം അനുസ്മരിച്ചു. 1964-ൽ സിപിഐഎം രൂപീകരണത്തിന് നേതൃത്വം നൽകിയ 32 നേതാക്കളിൽ ഒരാളായ വി.എസ്, പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന്റെ ആശയപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, ജനകീയ വിഷയങ്ങളിൽ നിയമസഭയിലും തെരുവിലും ഒരേസമയം പ്രതിരോധം തീർത്ത ചരിത്രപുരുഷനാണ്.
വനഭൂമിയും തണ്ണീർത്തടങ്ങളും നാടിന്റെ പൊതുസമ്പത്തും സംരക്ഷിക്കാൻ വി.എസ് നടത്തിയ ഇടപെടലുകൾ വരുംതലമുറയ്ക്ക വേണ്ടിയുള്ളതായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. പ്രായമെന്ന പരിമിതിയെ ഇച്ഛാശക്തികൊണ്ട് മറികടന്ന ആ മഹത്തായ ജീവിതം ആധുനിക കേരളത്തിലെ ഉജ്ജ്വലമായ അധ്യായമാണെന്നും വി.എസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് മരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




