തള്ളൽ ഒളിംപിക്സ് ഇനമായിരുന്നെങ്കിൽ മെഡൽ ഉറപ്പ്’; വി.ഡി. സതീശനെ ട്രോളി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില പരാമർശങ്ങളെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി. മുഖ്യമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ” എന്ന് ആർക്കും തോന്നിപ്പോകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വി.ഡി. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയാണ്, കേരളത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട പരമമായ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് ബ്രിട്ടാസ് ഓർമ്മിപ്പിച്ചു.
പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കോൺഗ്രസിന്റെ കവലയോഗങ്ങളിൽ നടത്തുന്ന പ്രസംഗം പോലെയല്ല, മറിച്ച് ലോകത്തിലെ പ്രമുഖ മാധ്യമങ്ങളിലൊന്നിൽ നൽകിയ അഭിമുഖത്തിലാണ് നടത്തിയത്. വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ ഭാഗികമായെങ്കിലും സത്യം വേണ്ടേയെന്നും ബ്രിട്ടാസ് ചോദിക്കുന്നു.




