വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുന്നുവെന്ന് ആരോപണം; സതീശൻ സർക്കാരിനെതിരെ പി. ജയരാജൻ

ജി.എൻ.എ കരാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. സംസ്ഥാനത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമായിരുന്നിട്ടും കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ചാണ് ഇത്തരമൊരു കരാറിലേക്ക് കടന്നതെന്ന് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ അദ്ദേഹം ആരോപിച്ചു. ഭരണത്തിൽ വന്ന് ആറു മാസത്തിനകം തന്നെ സതീശൻ സർക്കാർ കൂട്ടുത്തരവാദിത്തമില്ലാത്ത സർക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണ്. വൈദ്യുതി മന്ത്രി പോലുമറിയാതെയാണ് മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്നും മുന്നണിഭരണത്തിൽ പാലിക്കേണ്ട അടിസ്ഥാനപരമായ മര്യാദകൾ മുഖ്യമന്ത്രി ലംഘിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ബോർഡിലെ തീരുമാനങ്ങൾ താനറിഞ്ഞില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെന്നും വൈദ്യുതി മന്ത്രി തന്നെ തുറന്നുപറഞ്ഞത് സർക്കാരിന്റെ ഏകോപനമില്ലായ്മയ്ക്കുള്ള തെളിവാണ്. നിലവിൽ ജി.എൻ.എ വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ താൽക്കാലികമായി പിന്നാക്കം പോയിട്ടുണ്ടെങ്കിലും വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ട്. ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും പങ്ക് വെളിച്ചത്തുകൊണ്ടരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെടുന്നത്.




