News

പയ്യന്നൂരിലെ കുഞ്ഞിന്റെ മരണം; വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ കൃത്യവും ശരിയായതുമായ അന്വേഷണം അനിവാര്യമാണെന്നും ഇക്കാര്യം ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ തന്നെ പോലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പോലീസ് പ്രതികൾക്കെതിരെ കൂടുതൽ തുടർനടപടികൾ സ്വീകരിക്കുക. കേസിൽ നിലവിൽ പ്രതി ചേർക്കപ്പെട്ട അനസ്തറ്റിസ്റ്റ് ഡോ. അഞ്ജലി മുൻകൂർ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി ജൂലൈ 20 തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞയാഴ്ച ആണ് കളിക്കുന്നതിനിടയിൽ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റ പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗരിയാണ് മരിച്ചത്. പരിക്കിന് സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ഗുരുതരാവസ്ഥയിലാവുകയും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയുമായിരുന്നു.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യു നേതൃത്വവും തമ്മിലുടലെടുത്ത ഭിന്നതയിലും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. സംഘടനയ്ക്ക് തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപും ഇത്തരം വ്യത്യസ്തമായ അഭിപ്രായങ്ങൾ പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അഭിപ്രായങ്ങൾ പറയേണ്ടതിന് ചില രീതികളുണ്ട്. കെഎസ്‌യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിദ്യാർത്ഥി സംഘടനയ്ക്ക് പരാതിയുണ്ടെങ്കിൽ അത് ഗൗരവത്തോടെ പരിശോധിക്കും. അതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ മുൻകൈയെടുക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button