‘ഞാൻ ഏതുവിധേനയും ജീവനോടെയിരിക്കും, ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ പ്രേതമായി വരും’, വ്യക്തമാക്കി സോനം വാംഗ്ചുക്

ന്യൂഡൽഹി: ജൂലായ് 20ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തീരുമാനിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിൽ താൻ പങ്കെടുക്കുമെന്ന് ഉറപ്പിച്ച് സോനം വാംഗ്ചുക്. മുന്നേറ്റം പരാജയപ്പെട്ടാൽ പ്രേതമായി താൻ വരുമെന്നും തമാശകലർന്ന പ്രതികരണം അദ്ദേഹം നടത്തി.
കഴിഞ്ഞ 20 ദിവസമായി അദ്ദേഹം നിരാഹാര സത്യാഗ്രഹം തുടരുകയാണ്. ‘ഞാൻ ഏതുവിധേയനയും ജീവനോടെയിരിക്കും. അതുവഴി ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ നിങ്ങളോടൊപ്പം ഞാൻ വരും. ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ ഞാൻ പ്രേതമായി മടങ്ങിവരും.’- വാംഗ്ചുക് വ്യക്തമാക്കി. ജന്തർമന്തിറിലെ പാർട്ടി പ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് വാംഗ്ചുക് നിരാഹാരം നടത്തുന്നത്. കഴിഞ്ഞ 28 ദിവസങ്ങളായി ജന്തർമന്തിറിൽ സിജെപിയുടെ ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. ജൂലായ് 20ന് ‘സൻസദ് ചലോ’ എന്ന പേരിലാണ് അവരുടെ പാർലമെന്റ് മാർച്ച് നടത്തുന്നത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് ജൂലായ് 20.’ഞാൻ പുറമേ മോശം ശരീരാവസ്ഥയിലാണ്. പക്ഷെ ഉള്ളിൽ കരുത്തനാണ്. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാം അകമേയും പുറമേയും കരുത്തരാണെന്ന്. ഈ ഊർജം നമുക്ക് ജൂലായ് 20ന് വേണം. അന്ന് സമാധാനപരമായി നമ്മൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുമ്പോൾ അത് ആവശ്യമാണ്. നമ്മളൊരുമിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പോയി നമ്മുടെ നിവേദനം സമർപ്പിക്കും.’ സോനം വാംഗ്ചുക് പ്രവർത്തകരോട് വ്യക്തമാക്കി.




