
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഇത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെയാകെ സ്തംഭിപ്പിക്കാൻ ഉതകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വഖഫ് ബോർഡ് മാനേജ്മെന്റിൽ അമുസ്ലീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമം ഗൗരവകരമാണ്. ഇത്തരം നടപടികൾ രാജ്യത്തെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് വന്ന കേസിൽ ഹർജിക്കാർക്കൊപ്പം ചേർന്ന് ഒത്തുകളിക്കുകയാണ് സർക്കാർ ചെയ്തത്. ഇതിലൂടെ വഖഫ് ബോർഡിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്താനാണ് നീക്കമെന്നും പിണറായി ആരോപിച്ചു. ഇന്ന് മുസ്ലിം വിഭാഗത്തിനെതിരെ സ്വീകരിക്കുന്ന ഈ നിലപാട് നാളെ മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിലും സർക്കാർ സ്വീകരിച്ചേക്കാമെന്ന ആശങ്കയുണ്ട്. സംഘപരിവാർ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മതനിരപേക്ഷമായ സമീപനത്തിന് ഒട്ടും നിരക്കാത്തതാണെന്നും പിണറായി പറഞ്ഞു.
കേന്ദ്രത്തിന്റെ നീക്കത്തിൽ മുമ്പ് ആശങ്ക പ്രകടിപ്പിച്ചവരാണ് കോൺഗ്രസുകാർ. ഇപ്പോൾ അവർ അത് വള്ളിപ്പുള്ളി വിടാതെ നടപ്പിലാക്കാൻ പോവുകയാണ് സർക്കാർ. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചിട്ടുമുണ്ട്. കെ സി വേണുഗോപാൽ നിയമത്തിനെതിരായ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്. അതൊക്കെ അവഗണിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്ത രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. ലീഗിന്റെ മന്ത്രിക്കാണ് വഖഫ് വകുപ്പിന്റെ ചുമതലയുള്ളത്. ചുമതല ഏറ്റെടുത്ത ഉടൻ ലീഗിന്റെ പ്രഖ്യാപിത നയത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മന്ത്രിയുടെ വ്യക്തിപരമായ നിലപാടാണ് എന്ന് കരുതുന്നില്ല. മുസ്ലിം ലീഗിന്റെ നിലപാടിൽ മാറ്റം വന്നതിന്റെ ഭാഗമായാകാം മന്ത്രി ഈ നിലപാട് സ്വീകരിച്ചത് എന്ന് മാത്രമേ കരുതാൻ കഴിയൂ. ഇത് വിരോധാഭാസമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.




