കൊല്ലത്ത് സ്വകാര്യ ബസിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറി, 27കാരിക്ക് ദാരുണാന്ത്യം, 2 വയസുള്ള മകൾ ഗുരുതരാവസ്ഥയിൽ

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 27 കാരിയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് (27) മരിച്ചത്. അമൃതയുടെ ഭർതൃ മാതാവ് കൊടുമൺ നിലമേൽ മേലതിൽ മോഹനന്റെ ഭാര്യ പത്മാവതി (60), മകൾ അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവർ മുണ്ടക്കയം, കുളത്തിങ്കൽ വീട്ടിൽ തോമസിന്റെ മകൻ സാംസൺ (29) എന്നിവരെ പരുക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ പരിക്ക് ഗുരുതരമാണ്.
സാരമായി പരിക്കേറ്റ ബസ് യാത്രക്കാരായ ക്ലാപ്പന അരുൺനിവാസിൽ ലീലാമണി (50), വൈക്കം തോട്ടത്തിൽ പൂജ ബിജു (18), പ്രയാർ പൂമുഖത്ത് പത്മകുമാരി (50), ക്ളാപ്പന വല്ലാറ്റിൽ ഷൈജ ബീഗം (44), ക്ലാപ്പന പ്ലാംകീഴിൽ നജീബ് (65), ആദിനാട് സ്വദേശിനി രജനി (34) എന്നിവർ ഓച്ചിയിലെ പരബ്രഹ്മ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്ക് വശമായിരുന്നു അപകടം നടന്നത്.
ഓച്ചിറയിൽ നിന്നും വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വാകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നും നിന്നും വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. അമൃതയുടെ മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.




