“എല്ലാം അടിയറവ് വെച്ച് ഒപ്പിട്ടിട്ട് ഇപ്പോൾ വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ?” പിഎം ശ്രീയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ!

കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ രംഗത്ത്. എല്ലാം അടിയറവ് വെച്ചുകൊണ്ടുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ കരാറിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ ഇതിൽ നിന്ന് പിൻവാങ്ങാനോ ഉള്ള അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണുള്ളത്.
അങ്ങനെയൊരു കുരുക്കുള്ള കരാറിൽ ഒപ്പിട്ട ശേഷം ഇപ്പോൾ അതിനെതിരെ വർത്തമാനം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നും, കഴിഞ്ഞ സർക്കാരിന്റെ തുടർച്ച കൂടിയാണ് ഈ സർക്കാരെന്ന ബോധ്യം വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും, ഇതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച് നിശ്ചിത സമയത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി മുസ്ലീം ലീഗിൽ ആഭ്യന്തര തർക്കങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വെറും പൊലിപ്പിച്ചു കാട്ടലുകൾ മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടാൻ യോഗ്യതയുള്ള നിരവധി ആളുകൾ പാർട്ടിയിലുണ്ടെങ്കിലും പരിമിതമായ എണ്ണം
ആളുകളെ മാത്രമേ നിയമിക്കാൻ സാധിക്കൂ എന്നും എല്ലാ തീരുമാനങ്ങളും പാർട്ടിയാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നോമിനേറ്റ് ചെയ്യപ്പെട്ട ചില അംഗങ്ങളുടെ കാര്യത്തിൽ ഉയർന്നുവന്ന ആക്ഷേപങ്ങളിൽ നിലവിൽ കോടതിയുടെ അന്തിമ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.




