News

പിണറായിക്കും ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പുതുവിഭാഗം ശക്തിപ്പെടുന്നു, എംഎ ബേബിയുടെ പിന്തുണ?

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെയും നിലപാടുകളെ പാർട്ടിക്കകത്ത് തുറന്നെതിർത്താണ് പുതുവിഭാഗം ശക്തിപ്പെടുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയനെ നിയമസഭയ്ക്ക് അകത്ത് തിരുത്തും രീതിയിലുള്ള പരസ്യ നിലപാട് വരെ ഇതിന്‍റെ ഭാഗമായി വ്യാഖ്യാനിക്കുന്നവരും കുറവല്ല. കീഴ്ഘടകങ്ങളെ മറികടന്നുള്ള തളിപ്പറമ്പിലെ എം വി ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വീഴ്ചയേറ്റുപറഞ്ഞത് സംസ്ഥാന നേതൃത്വം ശരിവച്ചു.

ഇത്രയും വിശദീകരിച്ചാണ് എം എ ബേബി എംവി ഗോവിന്ദനെതിരായ ഉൾപ്പാർട്ടി വിമർശനത്തിന് അടിവരയിട്ടത്. മലപ്പുറത്ത് ഇ എംഎസിന്‍റെ ലോകം ദേശീയ സെമിനാറിൽ സിപിഎം ജനറൽ സെക്രട്ടി പറഞ്ഞ് നിർത്തിയതിന് പിന്നാലെ എംവി ഗോവിന്ദനും പിണറായി വിജയനും ഒരേ സ്വരത്തിൽ തള്ളിപ്പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ സംബന്ധിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ല, പാർട്ടിയുടെ സംഘടനാപരമായ ദൌർബല്യമാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. വ്യക്തിപരമായ വീഴ്ചയുണ്ടായെന്ന പരാമർശമുണ്ടായിട്ടില്ലെന്ന് പിണറായി വിജയനും പറയുന്നു.

എംവി ഗോവിന്ദനും പിണറായി വിജയനും തിരുത്തണം, നേൃതമാറ്റം വേണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടേക്കില്ലെന്ന തിരിച്ചറിവിൽ കൂടിയാണ് സിപിഎമ്മിൽ പുതുചേരി ശക്തിപ്പെടുന്നത്. പി രാജീവും എം സ്വരാജും കെഎൻ ബാലഗോപാലും അടക്കമുള്ള നേതാക്കൾ മുൻനിരയിൽ. ഇപി ജയരാജനും പികെ ശ്രീമതിയും പി ജയരാജനും അടക്കം വലിയൊരു നിര തന്നെ പിന്നണിയിലുണ്ട്. പ്ലീനം വിളിക്കണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിലേക്ക് ഒതുക്കിയത് പോലും അധികാരമാറ്റ ആവശ്യം മുന്നിൽ കണ്ടെന്നാണ് വിവരം. അതേസമയം, പാർട്ടിക്ക് അകത്തും പുറത്തും എതിർക്കേണ്ടിടത്ത് എതിർക്കുമെന്നും ഇനിയൊരു ആനുകൂല്യം പിണറായിക്ക് പോലും കിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന കഴിഞ്ഞ ദിവസം സഭയ്ക്കകത്തും ഉണ്ടായി.

സർക്കാരിനെ രൂക്ഷ ഭാഷയിൽ കെഎൻ ബാലഗോപാൽ വിമർശിക്കുമ്പോൾ പിണറായി എതിർ സ്വരമുയർത്തുന്നതും ഉടൻ അവിടെ വെച്ച് തന്നെ ‘ഇങ്ങനെ ഭരണ പക്ഷം പറയുന്നത് കേട്ടുകൊണ്ട് നിൽക്കേണ്ടതില്ലെന്ന് അതേ സ്വരത്തിൽ ബാലഗോപാൽ പിണറായിക്ക് മറുപടി നൽകുന്നതിനും സഭ സാക്ഷിയായി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ഇടത് മുന്നണി ചേരാത്തിത് പോലും കാരണം സിപിഎമ്മിലെ ഈ ചേരിതിരിവാണെന്ന് ഘടകക്ഷികളിലും മുറുമുറുപ്പുണ്ട്. റിപ്പോർട്ടിൻമേലുള്ള ചർച്ചകൾക്കൊടുവിൽ ഓഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി. നേതൃമാറ്റ ആവശ്യം നടന്നാലും ഇല്ലെങ്കിലും പുതുചേരി ഉയർത്തിയ കലാപക്കൊടി വരുന്ന സംസ്ഥാന സമ്മേളനത്തിൽ അധികാരമാറ്റത്തിൽ നിർണ്ണായകമാകുമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button