
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തെ ചൊല്ലി യു.ഡി.എഫിലും കോൺഗ്രസിലും കടുത്ത ഭിന്നത ഉയരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി മുന്നോട്ടുപോകുകയാണെന്ന ആരോപണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി K C Venugopal പക്ഷം രംഗത്തെത്തി.
വകുപ്പുമന്ത്രിമാരുമായി യാതൊരു ചർച്ചയും നടത്താതെയാണ് തീരുമാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് വിമർശനം. ധനവകുപ്പ് ബജറ്റിൽ പുതിയ നികുതിഘടന പ്രഖ്യാപിച്ചതിനെതിരെ എക്‌സൈസ് മന്ത്രി M Liju പരസ്യമായി പ്രതികരിച്ചതും കോൺഗ്രസിനകത്തെ അസ്വസ്ഥത വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
വീര്യം കുറഞ്ഞ മദ്യവിൽപ്പന സംബന്ധിച്ച് മുന്നണിയിലോ മന്ത്രിസഭയിലോ ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള വിപുലമായ ചർച്ചകൾക്കൊടുവിലായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നീക്കങ്ങൾ പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സഭകളെ അകറ്റാൻ ഇടയാക്കുമെന്ന ആശങ്കയും കെ.സി. വേണുഗോപാൽ പക്ഷം ഉയർത്തുന്നു. മദ്യനയത്തിലെ ഈ മാറ്റം സഭകളുടെ എതിർപ്പിന് വഴിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുതിയ ബജറ്റ് നിർദേശപ്രകാരം 0.5 മുതൽ 20 ശതമാനം വരെ വീര്യമുള്ള ‘ലോ ആൽക്കഹോളിക് ബവറേജസ്’ വിഭാഗത്തിൽ വരുന്ന മദ്യങ്ങൾക്ക് പ്രത്യേക നികുതി ഘടനയാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവും നികുതി ഈടാക്കാനാണ് തീരുമാനം.
ഭരണതലത്തിലും മുന്നണിയിലും ഉയർന്ന ഈ ഭിന്നത വരും ദിവസങ്ങളിൽ യു.ഡി.എഫ് ഏകോപന സമിതിയിലും കോൺഗ്രസ് പുനഃസംഘടന ചർച്ചകളിലും കൂടുതൽ രാഷ്ട്രീയ ചൂടേകുമെന്നതാണ് വിലയിരുത്തൽ.




