
സംസ്ഥാനത്തിന്റെ ഭരണമാറ്റത്തിന് ശേഷവും പിഎംശ്രീ പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ കത്ത്. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ ധാരണാ പത്രം മരവിപ്പിക്കണമെന്ന് അറിയിച്ചശേഷവും മറുപടി ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. മേയ് എട്ടിനാണ് സംസ്ഥാന ചീഫ് സെക്രട്ടറി എ ജയ തിലകിന് കേന്ദ്ര സർക്കാർ കത്തയച്ചത്.
2025 നവംബർ 12 ന് പി എം ശ്രീ പദ്ധതി എൽഡിഎഫിന് അകത്ത് തന്നെ വിവാദമായപ്പോൾ പദ്ധതി മരവിപ്പിക്കണമെന്നും ഇത് പരിശോധിക്കാനായി ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിന് ശേഷം തുടർനടപടികൾ ഇല്ലാതിരുന്നതോടെ അത് ഓർപ്പിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാനത്തി കത്തയച്ചത്.
സംസ്ഥാനം നേരത്തെ പറഞ്ഞ സബ് കമ്മിറ്റി രുപീകരിക്കാത്തതിനാൽ പദ്ധതി നീണ്ടുപോകുകയാണെന്നും 2022 ൽ തുടങ്ങിയ പദ്ധതിയുടെ കാലാവധി 5 വർഷമാണ് അതിപ്പോൾ തന്നെ അവസാനിക്കും, അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാർ അനുകൂലമായ നിലപാട് അറിയിക്കാത്തതിനാൽ സ്കൂളുകളിലെ ഇലക്ഷൻ അടക്കം നീണ്ടുപോകുകയാണ്. ഏറ്റവും പെട്ടെന്ന് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം എടുത്ത് പി എം ശ്രീയുടെ ഗുണങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ ഇടപെടണം എന്നാണ് കേന്ദ്രം അയച്ച കത്തിൽ പറയുന്നത്.




