Health

നിപ റിപ്പോർട്ടിൽ പുതിയ വിവാദം; മന്ത്രിക്കെതിരെ ഡോ. കെ.ജെ റീനയുടെ തുറന്ന പ്രതികരണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിലെ കസേരക്കളി പുതിയ പോരിലേക്ക്. നിപ പരിശോധനാ ഫലം അറിയിക്കുന്നതിൽ വീഴ്ച പറ്റി എന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണങ്ങളെ പൂർണ്ണമായി തള്ളി ഡോ. കെ.ജെ. റീന രംഗത്തെത്തി. നിപ ഫലം വന്ന ഉടൻ തന്നെ മന്ത്രിയെ ഔദ്യോഗികമായി വിവരമറിയിച്ചിരുന്നതായും ഒരു കമ്യൂണിക്കേഷൻ ഗ്യാപ് ആണ് ഉണ്ടായതെന്നും ഡോ. റീന വ്യക്തമാക്കി. മന്ത്രിക്കു പുറമെ ഡി.എം.ഇയും നിപ ഫലം കൃത്യമായി അറിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഓഫീസിലേക്ക് തള്ളിക്കയറി അധികാരം സ്ഥാപിക്കാൻ താനില്ലെന്നും ഡോ. കെ.ജെ. റീന പ്രതികരിച്ചു.

തനിക്ക് അനുകൂലമായ ഉത്തരവുകളുണ്ടായിട്ടും ഡി.എച്ച് ആസ്ഥാനത്ത് ഇന്നലെ ജോലിക്കെത്തിയപ്പോൾ ഡോ. മീനാക്ഷി കസേര ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇന്നും ഡോ. റീന ഓഫീസിൽ ജോലിക്കെത്തിയിട്ടുണ്ട്. ആരുമില്ലാത്തവർക്ക് രാജ്യത്തെ നിയമവ്യവസ്ഥയാണ് ഏക ആശ്രയം. അതിന്റെ ഭാഗമായാണ് മുന്നോട്ട് പോകുന്നത്. അല്ലാതെ ആരുടെയും ഓഫീസിലേക്ക് തള്ളിക്കയറാൻ ഉദ്ദേശമില്ല അവർ പറഞ്ഞു. ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും ഡോ. റീന ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button