Health

ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കരുത്; ദഹനപ്രശ്നങ്ങൾ കൂടാം

തിരക്കുപിടിച്ച ജീവിശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും കാരണം ഇന്നത്തെ കാലത്ത് ഗ്യാസ്, വയറുവീക്കം, മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ശരീരം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ പൂർണ്ണമായി ആഗിരണം ചെയ്യണമെങ്കിൽ ദഹനവ്യവസ്ഥ കൃത്യമായി പ്രവർത്തിക്കണം. എന്നാൽ ചില ലളിതമായ ശീലങ്ങൾ നമ്മുടെ ദിനചര്യയിൽ മാറ്റിയെടുക്കുന്നതിലൂടെ ദഹനശേഷി മികച്ച രീതിയിൽ നിലനിർത്താൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോൾ അത് നന്നായി ചവച്ചരച്ച് സാവധാനത്തിൽ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. വായിൽ വെച്ചുതന്നെ ഉമിനീരിലെ എൻസൈമുകൾ ഭക്ഷണത്തെ ചെറിയ ഘടകങ്ങളാക്കി മാറ്റുന്നത് ആമാശയത്തിന്റെ അമിതഭാരം കുറയ്ക്കും. ഇതിനൊപ്പം ഭക്ഷണത്തിൽ ഓട്സ്, പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, മുഴുധാന്യങ്ങൾ, ചിയ വിത്ത്, ഫ്ലാക്സ് സീഡ് തുടങ്ങിയ ഫൈബർ സമ്പുഷ്ടമായ ആഹാരങ്ങൾ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

ശരീരത്തിൽ ജലാംശം നിലനിർത്താനായി ദിവസവും 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. അതുപോലെ, വേഗത്തിലുള്ള നടത്തം, യോഗ, സൈക്ലിങ് പോലുള്ള ലളിതമായ വ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് കുടലിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കാനും ഭക്ഷണം ദഹനനാളത്തിലൂടെ സുഗമമായി നീങ്ങാനും സഹായിക്കും.

തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങൾ പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ആഹാരങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കും. ഒറ്റയടിക്ക് അധികമായി ഭക്ഷണം കഴിക്കാതെ ചെറിയ അളവിൽ പലതവണയായി കഴിക്കുന്നതും, ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കാതെ 2-3 മണിക്കൂർ കഴിഞ്ഞ് ഉറങ്ങാൻ പോകുന്നതും ആസിഡ് റിഫ്ലക്സും നെഞ്ചെരിച്ചിലും ഒഴിവാക്കാൻ സഹായിക്കും. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുക, ജങ്ക് ഫുഡും അമിത എണ്ണയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക, എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശീലിക്കുക എന്നിവയും ദഹനവ്യവസ്ഥയ്ക്ക് മികച്ച സ്ഥിരത നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button