News

ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ബസിൽ സഞ്ചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചിട്ടുണ്ടെന്നും ഉദ്ഘാടന ദിവസം തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാൻ പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ലെന്നും, തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ പദ്ധതി പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ ക്ഷേമത്തിനും സർക്കാർ തുല്യ പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ശമ്പളം ലഭിക്കുന്നത് തന്നെ വലിയ വാർത്തയായി മാറുന്ന അവസ്ഥയാണ് കെഎസ്ആർടിസിയിലുണ്ടായിരുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ജീവനക്കാർക്ക് ശമ്പളവും പെൻഷൻകാർക്ക് പെൻഷനും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരിക്കും സർക്കാരിന്റെ പ്രധാന പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെൻഷൻ ജോലി ചെയ്തവരുടെ അവകാശമാണെന്നും പെൻഷൻകാരെ നിലവിലെ ജീവനക്കാരെപ്പോലെ തന്നെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ എത്താമെന്നും അതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button