News

‘ആരെയും വിമർശിക്കാം’; സിപിഎം ചർച്ചകളിൽ എം.വി ജയരാജൻ തുറന്നുപറഞ്ഞു

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ, പാർട്ടിയിൽ ആരും വിമർശനത്തിന് അതീതരല്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് എം.വി ജയരാജൻ. വിമർശനവും സ്വയംവിമർശനവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തെന്നും തെറ്റുകൾ സംഭവിച്ചാൽ അത് പരിശോധിച്ച് തിരുത്താൻ കമ്മ്യൂണിസ്റ്റുകാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ ഉയരുന്നത് വ്യക്തിപരമായ വിമർശനങ്ങളല്ലെന്നും പ്രവർത്തനങ്ങളിലെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചകളാണെന്നും ജയരാജൻ വിശദീകരിച്ചു. ഇത്തരം വിമർശനങ്ങളെ തിരുത്തലിനുള്ള അവസരമായാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ അസാധാരണമായ വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയന്റെ പ്രവർത്തന ശൈലിയിലെ അസഹിഷ്ണുതയും ധാർഷ്ട്യവും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നാണ് ചില അംഗങ്ങൾ ആരോപിച്ചത്.

ചില യോഗങ്ങളിൽ എം.വി ഗോവിന്ദൻ പദവി ഒഴിയുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഉയർന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ തന്റെ ശരീരഭാഷയെയും പ്രവർത്തന ശൈലിയെയും കുറിച്ച് സ്വന്തം മകൻ പോലും വിമർശനം ഉന്നയിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ തുറന്നുപറഞ്ഞത് ശ്രദ്ധേയമായി.

അതേസമയം, വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലും പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെയും എം.വി ഗോവിന്ദൻ ശക്തമായി ന്യായീകരിച്ചു. “പിണറായി വിജയന് എന്ത് അയോഗ്യതയാണുള്ളത്? അദ്ദേഹത്തിന് പകരം ആരാണ്?” എന്ന ചോദ്യവും ഗോവിന്ദൻ യോഗങ്ങളിൽ ഉന്നയിച്ചതായാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button