
നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായക മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരെ സ്വാധീനിക്കാൻ മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങളുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.
നിരീക്ഷണത്തിലാകുന്ന മാധ്യമങ്ങൾ
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ മാധ്യമങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവ സമിതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും. കൂടാതെ ബൾക്ക് എസ്.എം.എസ്, വോയ്‌സ് മെസേജുകൾ, പൊതുസ്ഥലങ്ങളിലെ ഓഡിയോ-വിഷ്വൽ ഡിസ്‌പ്ലേകൾ എന്നിവയ്ക്കും മുൻകൂർ അനുമതി ആവശ്യമാണ്.
അംഗീകാരമില്ലാത്ത പരസ്യങ്ങൾ, പെയ്ഡ് ന്യൂസ് എന്നിവ ശ്രദ്ധയിൽപ്പെട്ടാലോ എംസിഎംസി നിരീക്ഷണ സെൽ അത് എംസിഎംസി കമ്മിറ്റിക്കും ചെലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോർട്ട് ചെയ്യും. ഇത്തരം പരസ്യങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുകയും നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.




