News

മമ്മൂട്ടിയെ മാത്രം ആക്രമിക്കുന്നതെന്തിന്? പിണറായിയും സതീശനും വന്നിരുന്നല്ലോ; സൗഹൃദത്തിന് രാഷ്ട്രീയമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

തൃശൂർ: തന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സൈബർ ആക്രമണം നടത്തുന്നത് കേരളത്തിലെ ജനങ്ങൾ മാതൃകാപരമായി ഒരുമിച്ച് പോകാൻ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും ഭാഷയ്ക്കും നിറത്തിനും വേഷത്തിനും അപ്പുറത്താണ് സൗഹൃദമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും എത്തിച്ചേരാൻ സാധിക്കാത്തതിനെത്തുടർന്നാണ് മമ്മൂട്ടി ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിലെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടാകുകയായിരുന്നു. എല്ലാ കാലഘട്ടത്തിലും ഇത്തരം സൗഹൃദങ്ങൾ കേരളത്തിലുണ്ടെന്നും അതിനെ ഇല്ലാതാക്കാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. വാസ്തവത്തിൽ ഇത്തരം സൗഹൃദങ്ങൾ മാതൃകയായി സ്വീകരിക്കേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബർ സഖാക്കളല്ല,​ പ്രത്യേക താൽപ്പര്യക്കാരാണ്. സിപിഎമ്മിന്റെ നേതാക്കൻമാർ വിവാഹത്തിന് വന്നിരുന്നു. ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വന്നിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെല്ലാം വിവാഹത്തിന് വന്നിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കൾ വന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വന്നു. എന്തിനാണ് മമ്മൂട്ടിയെ മാത്രം ആക്രമിക്കുന്നത്? മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വന്ന് ഒരുക്കങ്ങളിൽ എന്നെ സഹായിച്ചത് കണ്ണൂരിലെ പ്രമുഖരായ സഖാക്കൻമാരാണ്. മുൻ മന്ത്രി ആർ ബിന്ദു വിവാഹത്തിന് എത്തിച്ചേരാൻ പറ്റാത്തതിനാൽ വീട്ടിൽ എത്തിയിരുന്നു. ഇത്തരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി പേരാണ് വിവാഹത്തിനെത്തിയത്.- ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button