KeralaNews

പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ; വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസായി രണ്ടും മൂന്നും ലക്ഷം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ. പാർവതി അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. ഇന്നലെ മാത്രം 20-ലേറെ പേർ പരാതിയുമായി എത്തിയതായാണ് വിവരം. വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസ് ഇനത്തിൽ രണ്ടും മൂന്നും ലക്ഷം രൂപ വീതം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.

വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയെന്നും ജോലി ലഭിക്കാതെ വന്നതോടെ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ചില പരാതികളിൽ പറയുന്നു. പോളണ്ട്, അർമേനിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നാണ് നിലവിൽ ലഭിച്ച പരാതികളിൽ പറയുന്നത്. പൊലീസ് അന്വേഷണം കൂടുതൽ വിപുലീകരിക്കുകയാണ്.


അതേസമയം, പാർവതി മായ ഷാജിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് നിലവിൽ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ വാങ്ങിയെന്ന കേസിലും പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ വാങ്ങിയെന്ന കേസിലുമാണ് പാലാരിവട്ടം പൊലീസ് പാർവതിയെ അറസ്റ്റ് ചെയ്തത്.

അർമേനിയൻ കേസിൽ പണം നൽകിയിട്ടും ജോലിയോ തുകയോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി. പോളണ്ട് കേസിൽ പണം വാങ്ങിയ ശേഷം ജോലി നൽകാതെ പരാതിക്കാരനെ സെർബിയയിലേക്ക് അയച്ചെന്നും പരാതിയുണ്ട്. ഇരു കേസുകളിലും അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button