‘യാത്രയ്ക്ക് സൗജന്യം വേണം; പക്ഷേ മക്കൾക്ക് സ്വകാര്യ സ്കൂൾ’ മന്ത്രി സി.പി. ജോണിന്റെ പരാമർശം വിവാദത്തിൽ

പാലക്കാട്: സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗതമന്ത്രി സി പി ജോൺ. പ്രിയദർശിനി ബസിൽ സ്ത്രീകൾ കൂടുതൽ യാത്രചെയ്യുന്നതാണ് മന്ത്രിയുടെ പരാമർശത്തിന് ഇടയാക്കിയത്. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു. ഫീസില്ലാത്ത സ്വകാര്യ സ്കൂളുകളിൽപ്പോലും മക്കളെ വിടില്ല. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും.ഇതേ സ്ത്രീ അസുംഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല.അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്’- എന്നാണ് മന്ത്രി പറഞ്ഞത്.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിലെ മന്ത്രിയുടെ പരാമർശം പുത്തുവന്നതോടെ ഇതിനെതിരെ പല കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് മന്ത്രി സി പി ജോൺ പറയുന്നത്. സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് പറഞ്ഞത്. യാത്രചെയ്യാൻ കാശില്ലാത്ത സ്ത്രീകളുണ്ട്. താനടക്കമുള്ള രാഷ്ട്രീയക്കാർ അത് മനസിലാക്കില്ല എന്നും മന്ത്രി പറഞ്ഞു.തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര.
അധികാരത്തിലേറി ഒരുമാസത്തിനുള്ളിൽത്തന്നെ പ്രിയദർശിനി എന്നപേരിൽ പദ്ധതി നടപ്പാക്കുകയും ചെയ്തു. തുടക്കത്തിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രിയദർശിനി ബസുകളിൽ വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പദ്ധതി നടപ്പിൽവന്നതോടെ സ്ത്രീയാത്രക്കാർ സ്വകാര്യ ബസുകളെ ഉപേക്ഷിച്ച് പ്രിയദർശിനിയിലേക്ക് മാറി. പ്രിയദർശിനി ആരംഭിച്ചതോടെ തങ്ങൾ തകർച്ചയുടെ വക്കിലാണെന്നാണ് സ്വകാര്യ ബസുകാർ പറയുന്നത്.



