News

‘ഡൽഹി ചലോ’ റാലിയിൽ നിന്ന് വിട്ടുനിന്ന് വിജയ്‌യുടെ ടിവികെ; രൂക്ഷവിമർശനവുമായി ഡിഎംകെ

ചെന്നൈ: വോട്ട് ചോർച്ച ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ‘ഇന്ത്യ’ മുന്നണി ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിച്ച റാലിയിൽ നിന്ന് വിട്ടുനിന്ന വിജയ്‌യുടെ ടി.വി.കെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഭരണകക്ഷിയായ ഡി.എം.കെ. പ്രക്ഷോഭത്തിൽ നിന്ന് മാറിനിന്ന ടി.വി.കെ ഫാസിസ്റ്റ് ശക്തികളോടാണ് കൂറ് പുലർത്തുന്നതെന്ന് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ആരോപിച്ചു.

വിജയ്‌യുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെയും എ. രാജ ചോദ്യം ചെയ്തു. മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് സ്വന്തം ആത്മാഭിമാനം പണയം വെക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ‘ഇന്ത്യ’ മുന്നണിയുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാത്ത ടി.വി.കെ മുന്നണിയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈയും ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയും കോൺഗ്രസും അവസരവാദ രാഷ്ട്രീയത്തിന് വഴങ്ങി സ്വന്തം പ്രതിച്ഛായ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി ഉൾപ്പെടെ ‘ഇന്ത്യ’ മുന്നണിയിലെ പ്രമുഖ കക്ഷികളെല്ലാം രാംലീലാ മൈതാനത്തെ റാലിയിൽ പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button