News

ബാർ ലൈസൻസ് അനുമതി വിവരം സർക്കാരിനെ അറിയിച്ചില്ല; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച വിഷയം സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. എഫ്.എൽ 7 ലൈസൻസുകൾ നൽകുന്നത് സർക്കാർ നയരൂപീകരണത്തിന് ശേഷം മതിയെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, നയത്തിന്റെ തുടർച്ചയെന്നോണം എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിക്കുകയായിരുന്നു.

ചുമതല ഏറ്റെടുത്ത ആദ്യ ദിവസങ്ങളിൽ കമ്മീഷണർക്ക് പൂർണ്ണ ധാരണ ലഭിച്ചിട്ടുണ്ടാകില്ലെന്നും, സർക്കാർ അറിയാതെ താഴെത്തട്ടിൽ തീരുമാനങ്ങളെടുക്കാൻ നിലവിലെ ചട്ടങ്ങൾ വഴിയൊരുക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ ഉണ്ടാക്കിയ ഇത്തരം നിയമങ്ങളോടും, നാടുമുഴുവൻ ബാറുകൾ അനുവദിച്ച എം.ബി. രാജേഷിന്റെ നയങ്ങളോടും കടുത്ത അതൃപ്തിയുണ്ടെന്ന് എം. ലിജു വ്യക്തമാക്കി.

വിഷയത്തിൽ എക്സൈസ് കമ്മീഷണറോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ടെന്നും, കമ്മീഷണറെ മാറ്റുന്നതൊക്കെ ഭരണപരമായ കാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ അനുവദിച്ച ലൈസൻസുകളെ സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. സർക്കാർ നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്.

ഇതിന്റെ ഭാഗമായി രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെ സസ്പെൻഡ് ചെയ്യുകയുണ്ടായി. ഇവർ ട്രൈബ്യൂണലിൽ സമർപ്പിച്ച പരാതിയിലൂടെയാണ് ഡൊമസ്റ്റിക് ലോഞ്ചിലെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇനിമുതൽ മദ്യനയത്തിന് ശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്ന തീരുമാനം ഉടൻ ഉത്തരവായി ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button