വിജയ് പ്രധാന എതിരാളിയല്ല; തെരഞ്ഞെടുപ്പ് തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമെന്ന് സ്റ്റാലിൻ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ്, തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാദമാണ് തമിഴകത്തെ പ്രധാന ചർച്ചാവിഷയം. ഇതിലൂടെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്നാണ് ഡിഎംകെ പ്രതീക്ഷ. കരുണാനിധിയുടെ കാലത്തെ ഡിഎംകെ-ബിജെപി സഖ്യം ഓർമ്മിപ്പിച്ചും, സ്റ്റാലിനെ വ്യക്തിപരമായി കടന്നാക്രമിച്ചും തിരിച്ചടിക്കാനുള്ള ഇപിഎസിൻ്റെ ശ്രമം പൂർണമായി വിജയിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിയ നാടും നമതേ, നാൽപ്പതും നമതേ എന്ന മുദ്രാവാക്യം പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ് എംകെ സ്റ്റാലിൻ.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള പതിവ് മത്സരമല്ല, മറിച്ച് തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമെന്നാണ് സ്റ്റാലിൻ്റെ വാദം. അതായത് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയോ, മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി രൂപാന്തരപ്പെടുമെന്ന് അവകാശപ്പെടുന്ന വിജയ്യെ പ്രധാന എതിരാളി ആയി പ്രതിഷ്ഠിക്കാൻ സ്റ്റാലിൻ തയ്യാറാകുന്നില്ല. മറിച്ച് ബിജെപിയും ആർഎസ്എസും തമിഴ്നാടിൻ്റെ സ്വത്വത്തെ നശിപ്പിക്കാനൊരുങ്ങുന്നൂ എന്നും തടയാൻ സ്റ്റാലിന് മാത്രമേ കഴിയൂ എന്നുമാണ് വാദം.
ഇത്തരം വാദം ഉയർത്താൻ ബിജെപിയും എഐഡിഎംകെയും സ്റ്റാലിനെ സഹായിക്കുന്നുണ്ട് എന്നതാണ് വസ്തുത. തമിഴ്നാടിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവച്ചതും മണ്ഡലപുനർനിർണയം പോലെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകാവുന്ന നീക്കങ്ങളുമെല്ലാം കൃത്യമായി ഉപയോഗിക്കാൻ സ്റ്റാലിന് കഴിഞ്ഞു. അതിനിടയിലാണ് അമിത് ഷായെ കാണാൻ അടിക്കടി ദില്ലിക്കുള്ള ഇപിഎസിന് യാത്രകളും ആയുധമാകുന്നത്.
പ്രധാനമന്ത്രിയുടെ ദൂതർ ജയലളിതയുടെ അപ്പോയ്മെൻ്റ് കാത്ത് പോയസ് ഗാർഡന് മുന്നിൽ കാത്തുനിന്ന ചരിത്രം അറിയാവുന്നവർക്ക് ഇപിഎസിൻ്റെ ദില്ലി സന്ദർശനം കീഴടങ്ങലായി തോന്നുന്നത് സ്വാഭാവികം. കർഷകരോഷത്തിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും കേന്ദ്രീകൃത അഴിമതിയിലേക്കും വോട്ടർമാരുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാൻ ഇപിഎസ്സും വിജയും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇരുവരും അതിൽ എത്ര വിജയിക്കുമോയെന്ന് പറയാൻ മെയ് 4 വരെ തന്നെ കാത്തിരിക്കേണ്ടിവരും.




