വിജയ് ഡമ്മി മുഖ്യമന്ത്രി’; ഉദയനിധിയുടെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: നടി തൃഷ കൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ഉദയനിധി സ്റ്റാലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കും ടിവികെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. വിജയ് ഒരു ഡമ്മി മുഖ്യമന്ത്രിയാണെന്നും അഹങ്കാരം നാശത്തിലേയ്ക്ക് നയിക്കുമെന്നും സ്റ്റാലിൻ വിമർശിച്ചു.
ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും സംസ്ഥാന ബഡ്ജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെ നിയമസഭയിൽ നിന്ന് മാറ്റിനിർത്താനുമുള്ള ടിവികെ സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിജയ് സർക്കാർ പൂർണ പരാജയമാണെന്നും ഇതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് നാടകം നടത്തിയതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.”കാവേരിയിലെ വെള്ളം കൊണ്ടുവരാൻ പോലും കെല്പില്ലാത്ത, മേക്കേദാട്ടു അണക്കെട്ട് നിർമ്മാണം തടയാൻ വേണ്ടി ഒരു വാക്കുപോലും
സംസാരിക്കാൻ കഴിയാത്ത ഒരു ഡമ്മി മുഖ്യമന്ത്രിയാണ് വിജയ്”- അദ്ദേഹം വിമർശിച്ചു. തൃഷയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ഇന്ന് രാവിലെയാണ് ഉദയനിധിയെ നീലാങ്കരയിലെ വീട്ടിൽ നിന്ന് തഞ്ചാവൂർ പൊലീസ് അറസ്റ്റുചെയ്തത്. തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.




