
സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.
നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്‌പെഷ്യല്‍ അന്വേഷണം നടത്തും. bലോക്ഭവനില്‍നിന്ന് ചായസല്‍ക്കാരം കഴിഞ്ഞു മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോര്‍ത്ത് ബ്ലോക്കിലേക്ക് ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് മഴയിലും ചോരാത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വിഡി സതീശനെ ആദ്യമായി അനുമോദിച്ചത് മുഹമ്മദ് ഷിയാസ് എംഎല്‍എയാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ബൊക്കെ നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്ദേമാതരം ആലപിച്ചാണ് ആരംഭിച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ ജയതിലക് വിഡി സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ദൈവനാമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എപി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദീഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരന്‍ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷിബു ബേബി ജോണും സിപി ജോണും സഗൗരവവും മറ്റുള്ളവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.




