National

തമിഴകത്ത് അധികാര പങ്കാളിത്തത്തിന് വിസികെ; വിജയ്‌ക്ക് മുന്നിൽ തിരുമാവളവന്റെ ‘പഞ്ചശീത’ നിബന്ധനകൾ

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ ചർച്ചകളിൽ വിടുതലൈ ചിരുതൈകൾ കക്ഷി നിർണ്ണായക ശക്തിയായേക്കും. വിജയിന്റെ തമിഴക വെട്രി കഴകവും തോൾ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷിയും തമ്മിലുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. സഖ്യത്തിനായി വിസികെ മുന്നോട്ടുവെച്ച കടുപ്പമേറിയ നിബന്ധനകളാണെന്നാണ് പുറത്ത് വരുന്ന വിവരം.

സർക്കാരുണ്ടാക്കുന്നതിനായി വിജയിന്റെ ടിവികെയെ പിന്തുണയ്ക്കുന്നതിന് പകരമായി ഭരണത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങളാണ് തോൾ തിരുമാവളവൻ മുന്നോട്ടുവെച്ചിരിക്കുന്നത്. വി സി കെ അധ്യക്ഷൻ തോൾ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം. ദളിത് രാഷ്ട്രീയത്തിന് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം വേണമെന്ന പാർട്ടിയുടെ ദീർഘകാല ആവശ്യമാണിത്.നിലവിൽ വിജയ് മത്സരിച്ച മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിസികെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ അനുവദിക്കണം. നിലവിലെ വി സി കെ എം എൽ എമാരിൽ രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. തോൾ തിരുമാവളവൻ നിലവിൽ പ്രതിനിധീകരിക്കുന്ന ചിദംബരം ലോക്സഭ മണ്ഡലം ഒഴിവാക്കുമ്പോൾ, അവിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ ടിവികെ പിന്തുണ നൽകണം.സർക്കാരിന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിനും വിസികെയുടെ നയങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനും ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കി നടപ്പാക്കണം.

നിലവിൽ ടി വി കെയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, വിസികെയുടെ രണ്ട് സീറ്റുകൾ നിർണ്ണായകമാണ്. കോൺഗ്രസും ഇടതുപക്ഷവും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വി സി കെ കൂടി സഖ്യത്തിലെത്തിയാൽ വിജയിക്ക് സുഗമമായി സർക്കാർ രൂപീകരിക്കാൻ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button