ട്രെയിനുകളിൽ രാത്രി മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം; നടപടി കർശനമാക്കി

ന്യൂഡൽഹി: ട്രെയിനുകളിൽ രാത്രി സമയത്തെ മൊബൈൽ ചാർജിങ്ങുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദേശം നൽകി. നിലവിലുള്ള നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി അപ്രതീക്ഷിത പരിശോധനകളും നടത്തും.
അടുത്തിടെ മുംബൈ–ഹൗറ മെയിൽ ട്രെയിനിലെ എസി കോച്ചിൽ ചാർജ് ചെയ്യുകയായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് പുക പടർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ നടപടി ശക്തമാക്കിയത്. ഒഡീഷയിലെ ബന്ദമുണ്ടയ്ക്ക് സമീപം പുലർച്ചെയായിരുന്നു സംഭവം. പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയെങ്കിലും ആർക്കും പരിക്കേറ്റില്ല. സംഭവസമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യേണ്ടതായിരുന്നുവെങ്കിലും അവ പ്രവർത്തിച്ചിരുന്നതായാണ് റിപ്പോർട്ട്.
2014 ജൂൺ 19-ന് തന്നെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് നിർദേശം നൽകിയിരുന്നു. 2021-ലും ഇതു കർശനമായി പാലിക്കണമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ നിർദേശം പൂർണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ചാർജിങ് പോയിന്റുകൾ നിശ്ചിത സമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും അപ്രതീക്ഷിത പരിശോധനകൾ നടത്തും. ബന്ധപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും യാത്ര തുടങ്ങുന്നതിന് മുമ്പ് ചാർജ് ചെയ്യണമെന്ന് റെയിൽവേ നിർദേശിക്കുന്നു. തീപിടിത്തം ഉൾപ്പെടെയുള്ള അപകടസാധ്യതകൾ ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.




