വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുൽ കുമാർ’ സിപിഐയിൽ നിന്ന് ബിജെപിയിലേക്ക്

തിരുവനന്തപുരം വഴുതക്കാട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ രാഹുൽ കുമാർ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. രാഹുലിനൊപ്പം അഞ്ച് പ്രവർത്തകർ കൂടി ബിജെപിയിൽ ചേർന്നിട്ടുണ്ട്. വഴുതക്കാട് വാർഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവർത്തകരും വരുംദിവസങ്ങളിൽ ബിജെപിയിലേക്ക് വരുമെന്ന് പാർട്ടി നേതൃത്വം അവകാശപ്പെട്ടു.
അതേസമയം, കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കൗൺസിലർ സുഗതനെ ബിജെപി പൂർണ്ണമായി സംരക്ഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സുഗതന് ആവശ്യമായ എല്ലാ നിയമസഹായവും പാർട്ടി ഉറപ്പാക്കും. എന്ത് ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അത് ആഭ്യന്തര മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ശൈലിയിൽ അക്രമങ്ങളിലൂടെയല്ല, മറിച്ച് നിയമപരമായാണ് ബിജെപി കാര്യങ്ങൾ നേരിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.




