News

യു.ഡി.എഫ് ബജറ്റ് ‘ജനദ്രോഹം’; അദാനി ബന്ധം ആരോപിച്ച് വി.എൻ. വാസവന്റെ കടുത്ത വിമർശനം

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് തീർത്തും ജനദ്രോഹപരമാണെന്ന കടുത്ത വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ വി.എൻ. വാസവൻ. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ വികസന പാതയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി – കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ബജറ്റെന്നും വി.എൻ. വാസവൻ ആരോപിച്ചു.

ബജറ്റ് എന്ന പദത്തിന്റെ അർത്ഥം തുകൽ സഞ്ചി എന്നാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഈ സാമ്പത്തിക രേഖ സൂക്ഷിക്കുന്ന സഞ്ചിക്ക് കൊടുക്കുന്ന വിലപോലും കേരളത്തിലെ ജനങ്ങൾക്ക് നൽകാത്ത ആദ്യത്തെ ബജറ്റാണിതെന്നും പരിഹസിച്ചു. പോരാത്തതിന് സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനം വഴി കേരളത്തിന്റെ ആകാശവും അദാനിക്ക് വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖല കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് സ്വകാര്യ സർവ്വകലാശാല ബില്ലിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നെഹ്റുവിന്റെ കാലഘട്ടം മുതൽ രാജ്യം പിന്തുടർന്ന പ്ലാനിങ് ബോർഡ് മാതൃക പിരിച്ചുവിട്ട്, നരേന്ദ്ര മോദിയുടെ വികസന മാതൃകയായ ‘നീതി ആയോഗ്’ മോഡലിലേക്ക് കേരളത്തെ മാറ്റാനാണ് യു.ഡി.എഫ് നീക്കം

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ അധികാരത്തിൽ വന്നതോടെ യു.ഡി.എഫ് മറന്നുവെന്ന് വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. അധികാരത്തിൽ എത്തിയാൽ ആശാവർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കുമെന്ന് ഘോരഘോരം പ്രസംഗിച്ചവർ ബജറ്റിൽ അവരെ പാടെ അവഗണിച്ചു. പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചോ സ്ത്രീ സുരക്ഷാ പദ്ധതികളെക്കുറിച്ചോ ബജറ്റിൽ യാതൊരു പരാമർശവുമില്ല.

ദുരന്തബാധിതർക്കായുള്ള വയനാട് ടൗൺഷിപ്പിന്റെ തുടർന്നുള്ള പുരോഗതിയെക്കുറിച്ച് ബജറ്റ് പൂർണ്ണമായി നിശബ്ദത പാലിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയ ശേഷം, സംസ്ഥാനത്തെ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിക്കൊടുക്കുന്ന ഈ ബജറ്റിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും കടുത്ത പ്രതിഷേധങ്ങൾ ഉയരണമെന്ന് വി.എൻ. വാസവൻ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button