News

20 എംപിമാരെ അയോഗ്യരാക്കണം; സ്പീക്കറെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ട്ടിയുമായി പിരിഞ്ഞ് എന്‍സിപിഐയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ച എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. സ്പീക്കറെ സമീപിച്ച പാര്‍ട്ടി നേതൃത്വം 20 വിമത എംപിമാരെയും അയോഗ്യരാക്കണം എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്ത് നല്‍കി. പാര്‍ലമെന്റില്‍ നേരിട്ടെത്തിയാണ് നേതൃത്വം സ്പീക്കറെ കണ്ട് ആവശ്യം ഉന്നയിച്ച് കത്ത് കൈമാറിയത്.

അഭിഷേക് ബാനര്‍ജിക്ക് ഒപ്പം എംപിമാരായ കല്യാണ്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, സൗഗത റോയ് എന്നിവരും ഉണ്ടായിരുന്നു. വിമതര്‍ സ്പീക്കര്‍ക്ക് മുന്നില്‍ വച്ച ഒരു ആവശ്യങ്ങളും അംഗീകരിക്കരുതെന്നും ടിഎംസി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. 20 എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേകം കത്തുകളാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറിയത്. തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ലയിക്കുമെന്നാണ് വിമത എംപിമാര്‍ പ്രഖ്യാപിച്ചത്.

അതേസമയം, തങ്ങളെ പ്രത്യേകം ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വിമത എംപിമാര്‍ സ്പീക്കറെ സമീപിച്ചിരുന്നു. വിമതരുടെ യാതൊരുവിധ അവകാശവാദങ്ങളും അംഗീകരിക്കരുതെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ചീഫിനെയും വിപ്പിനെയും മാത്രമേ അംഗീകരിക്കാവൂ എന്നും അഭിഷേക് സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അഭിഷേക് കടുത്ത ഭാഷയിലാണ് വിമത എംപിമാരെ വിമര്‍ശിച്ചത്. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സ്ഥാനം രാജിവയ്ക്കണമെന്നും എന്‍സിപിഐ എന്നൊരു പാര്‍ട്ടിയെ കുറിച്ച് ആര്‍ക്കും കേട്ടുകേള്‍വി പോലുമില്ലെന്നും അഭിഷേക് ബാനര്‍ജി പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button