പ്രതിപക്ഷ ഉപനേതാവ് പദവി! സിപിഐയുമായി ചർച്ച നടത്തുമെന്ന് ടി.പി. രാമകൃഷ്ണൻ

.പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് മുന്നണിയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇനി ചർച്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മുൻ നിലപാടിന് വിരുദ്ധമായ സമീപനമാണ് ഇപ്പോൾ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപനേതാവ് പദവി സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും താനാണ് കത്ത് നൽകേണ്ടതെന്നുമുള്ള പിണറായി വിജയന്റെ പ്രതികരണമാണ് ഇരു പാർട്ടികൾക്കുമിടയിൽ തർക്കങ്ങൾക്ക് വഴിവെച്ചത്. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട അന്തിമ നിലപാട് പറയേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയാണെന്ന് വ്യക്തമാക്കിയ ടി.പി. രാമകൃഷ്ണൻ, മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അവ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.



