പുന്നമടക്കായലിൽ ആവേശപ്പോരാട്ടം; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് പുരോഗമിക്കുന്നു

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാ മത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുന്നു. ആദ്യ ഹീറ്റ്‌സിൽ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. രണ്ടാം ഹീറ്റ്‌സിൽ ചമ്പക്കുളം മുന്നിലെത്തി. മൂന്നാം ഹീറ്റ്‌സിൽ മേൽപ്പാടത്തിനായിരുന്നു വിജയം. നാലാം ഹീറ്റ്‌സിലെ പോരാട്ടത്തിനൊടുവിൽ അരോമ മുന്നിലെത്തി. അഞ്ചാം ഹീറ്റ്‌സിൽ നിരണം ഒന്നാമനായി. ആറാം ഹീറ്റ്‌സിൽ ആനാരി ജേതാവായി.
22 ചുണ്ടനുകൾ ഉൾപ്പെടെ 71 കളിവള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം ലിജു, പി സി വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ നടന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറി. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സിന് പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ഇതിനുശേഷമാണ് ചുണ്ടൻ ഫൈനൽ മത്സരങ്ങൾ നടക്കുക. 25 ലക്ഷം രൂപയാണ് നെഹ്റു ട്രോഫി ജേതാക്കൾക്കുള്ള സമ്മാനത്തുക.




