പിണറായി വിജയനെ ജയിലിലാക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ മൗനം പാലിക്കുന്നു; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശം ലഭിച്ചിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നു പറഞ്ഞവർ ഇപ്പോൾ മൗനം പാലിക്കുന്നത് സംശയകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം സി.പി.എം. നടത്തിയ അഴിമതിയായിരുന്നു. പിണറായി വിജയനെ ജയിലിലടക്കുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, അധികാരത്തിൽ വന്ന് ഇത്രയും ദിവസമായിട്ടും സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഒരു സേവനവും ചെയ്യാതെ അക്കൗണ്ടിലേക്ക് പണം എത്തിയത് യാദൃശ്ചികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മും കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ ഒത്തുകളിയുണ്ടെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ടെന്നും അത്തരം ശ്രമങ്ങളെ ബി.ജെ.പി. ശക്തമായി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമഗ്രമായ അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുടെ പേരുകളും ഇതിൽ പുറത്തുവരുമോ എന്ന ഭയവും ആശങ്കയുമാണ് യു.ഡി.എഫിനെ നടപടികളിൽ നിന്ന് പിൻവലിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.



