വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ല; എൻ. ഷംസുദ്ദീൻ

വഖഫ് ബോർഡ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. സർക്കാരിന് ആവശ്യമാണെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണം നിലവിലുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഈ വിഷയത്തിൽ മറ്റ് പ്രത്യേക തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ബോർഡ് പിരിച്ചുവിടൽ നീക്കത്തിനെതിരെ ചെയർമാൻ കെ.എസ്. ഹംസയും രംഗത്തെത്തി. ബോർഡ് പിരിച്ചുവിടാനുള്ള തീരുമാനം സർക്കാരിന്റെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. നിയമത്തെ മറികടക്കാൻ ആർക്കും കഴിയില്ലെന്നും, നിലവിലെ സാഹചര്യത്തിൽ ബോർഡ് പിരിച്ചുവിടൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഹംസ വ്യക്തമാക്കി. വഴിയിൽ തടഞ്ഞുനിർത്തി പിടിച്ചുപറിക്കാർ കാത്തുനിൽക്കുന്നു എന്ന് പറയുന്നതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും, ഇക്കാര്യത്തിൽ നിലവിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




