എറണാകുളം കോടതിയിൽ വീണ്ടും തൊണ്ടിമുതൽ മോഷണം! റാഡോ വാച്ചടക്കം 124 മുതലുകൾ കാണാതായി

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയി. 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ഇതിൽ ലക്ഷങ്ങൾ വിലയുള്ള ആഡംബര റാഡോ വാച്ചും ഉൾപ്പെടുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള മുതലുകളാണ് മോഷ്ടിക്കപ്പെട്ടത്.
2016 മുതൽ 2026വരെയുള്ള കേസുകളുമായി ബന്ധപ്പെട്ട മുതലുകളാണ് മോഷണം പോയത്. സ്‌ട്രോംഗ് റൂമിൽ മോഷണം നടന്ന വിവരം ജൂനിയർ സൂപ്രണ്ടാണ് കോടതിയെ അറിയിച്ചത്. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ജൂനിയർ സൂപ്രണ്ട് എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ഒരു കേസിലെ 124 തൊണ്ടിമുതലുകളാണ് മോഷണം പോയതെന്ന വിവരമുണ്ട്.മുൻപും എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയിട്ടുണ്ട്.
അഭിമന്യു കൊലക്കേസിലെ രേഖകളാണ് മുൻപ് നഷ്ടപ്പെട്ടത്. കുറ്റപത്രം ഉൾപ്പെടെയുള്ള 11 പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. തുടർന്ന് കാണാതായ രേഖകൾ പ്രോസിക്യൂഷന്റെയും പൊലീസിന്റെയും കൈവശമുള്ള പകർപ്പുകൾ ഉപയോഗിച്ച് പുനർനിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.തലശേരി ഫസൽ വധക്കേസിലെയും തൊണ്ടിമുതലുകൾ സമാനരീതിയിൽ മോഷണം പോയിരുന്നു.
ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ‘എലി കൊണ്ടുപോയി” എന്നാണ് തൂവാല സൂക്ഷിച്ചിരുന്ന മുദ്രവച്ച കവറിന് പുറത്ത് ജീവനക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടിത് കോടതിയിൽ നിന്നുതന്നെ കണ്ടെത്തിയെന്ന് ജീവനക്കാർ അറിയിക്കുകയും ചെയ്തു.




