ക്ഷേത്രങ്ങളിൽ തമിഴ് നിർബന്ധിക്കുന്നു, പള്ളികളിലും മോസ്കുകളിലും ഇതേ ആവശ്യം ഉന്നയിക്കുമോ?’ തമിഴ്നാട്ടിൽ ബിജെപി നേതാവിന്റെ വിമർശനം, പുതിയ വിവാദം

ചെന്നൈ: വിവാദങ്ങൾ വിട്ടൊഴിയാതെ തമിഴ്നാട്ടിലെ വിജയ് സർക്കാർ. തമിഴ്നാടിന് പ്രത്യേക സംസ്ഥാന പതാക വേണമെന്ന പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രി ആദവ് അർജുനയുടെ ആവശ്യമാണ് വിവാദത്തിനും വിമർശനത്തിനും ഇടയാക്കിയത്. പ്രത്യേക സംസ്ഥാന പതാക വേണമെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്നെയായിരിക്കണം പതാക ആദ്യം ഉയർത്തേണ്ടതെന്നു പറഞ്ഞ അദ്ദേഹം തമിഴ്നാട് ദിനത്തിലും നവംബർ ഒന്നിനും സംസ്ഥാനത്തുടനീളം പതാക ഉയർത്തണമെന്നും ആവശ്യപ്പെട്ടു.
ഇതിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. വിഘടവാദ മനാേഭാവം വളർത്താനാണ് ടിവികെ മന്ത്രിയുടെ ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം. ‘ ഞങ്ങളുടെ നാഗരികതയ്ക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് കീഴിൽ തമിഴ് സ്വത്വത്തിന് ഒരുകുറവും ഉണ്ടായിട്ടില്ല. ഇത്തരം പ്രസ്താവനകൾ വിഘടനവാദ മനാേഭാവം വളർത്താൻ ഇടയാക്കും. എന്തിനാണ് ഇത്തരമൊരു ഭിന്നത സൃഷ്ടിക്കുന്നത്’-ബിജെപി സംസ്ഥാന നേതാവ് വിനോദ് പി സെൽവം പറഞ്ഞു.
തമിഴ് ഭാഷയോടാണ് യഥാർത്ഥ താൽപ്പര്യമെങ്കിൽ ആ നിലപാട് എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിൽ തമിഴ് ഭാഷ വേണമെന്ന് നിങ്ങൾ നിർബന്ധിക്കുന്നു. ഇതേ ആവശ്യം പള്ളികളിലും മോസ്കുകളിലും ഉന്നയിക്കുമോ എന്നും വിനോദ് പി സെൽവം ചോദിച്ചു.അതേസമയം, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്വീകരിച്ചതുപോലെ തമിഴ്നാടിനും പ്രത്യേക സംസ്ഥാന പതാക കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി രാജ് മോഹൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നവംബർ ഒന്ന് തമിഴ്നാട് ദിനമായി ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെ സംസ്ഥാന പതാക സംബന്ധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.




