Cinema

ചട്ടക്കാരിയുടെ പരാജയം തളർത്തി, സിനിമ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചു; മനസ്സ് തുറന്ന് ഷംന കാസിം

കൊച്ചി: ചട്ടക്കാരി സിനിമയുടെ പരാജയത്തിന് പിന്നാലെ സിനിമാരംഗം ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചിരുന്നുവെന്ന് നടിയും നർത്തകിയുമായ ഷംന കാസിം. സിനിമ നൽകിയ മാനസിക സമ്മർദം താങ്ങാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അത്തരമൊരു തീരുമാനത്തെക്കുറിച്ച് ചിന്തിച്ചതെന്നും താരം വെളിപ്പെടുത്തി. പുതിയ അഭിമുഖത്തിൽ നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

2012ൽ പുറത്തിറങ്ങിയ ചട്ടക്കാരിയിൽ നായികയായാണ് ഷംന കാസിം എത്തിയത്. 1974ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ക്ലാസിക് സിനിമയുടെ റീമേക്കായിരുന്നു ചിത്രം. വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വിജയിക്കാനായില്ല. ചിത്രത്തിനായി ഏറെ പരിശ്രമിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് ഷംന പറയുന്നു.

കോളേജ് ജീവിതം പോലും മാറ്റിവെച്ച് സിനിമയ്ക്കായി വലിയ രീതിയിൽ അധ്വാനിച്ചിട്ടും വിജയം ലഭിക്കാത്തതിൽ നിരാശയുണ്ടായി. സിനിമ നൽകുന്ന മാനസിക സമ്മർദം ഇനി താങ്ങാനാകില്ലെന്നും നിർത്താമെന്നും ചിന്തിച്ചു. എന്നാൽ ചട്ടക്കാരി റിലീസ് ചെയ്ത് തൊട്ടടുത്ത ആഴ്ച തന്നെ തെലുങ്കിൽ അഭിനയിച്ച ഒരു സിനിമ ഹിറ്റായി മാറിയതാണ് കരിയറിൽ വഴിത്തിരിവായത്.

സംവിധായകൻ മിഷ്കിനുമായുള്ള സൗഹൃദവും പിന്നീട് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിച്ചെന്ന് ഷംന പറഞ്ഞു. നൃത്തം ഒരിക്കലും മോശമായ കാര്യമല്ലെന്നും തന്റെ കഴിവിനെ തിരിച്ചറിയാൻ വൈകിയെങ്കിലും ഇന്ന് അതിലൂടെ അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

നർത്തകിയായി കലാരംഗത്തെത്തിയ ഷംനയ്ക്ക് മലയാള സിനിമയിൽ പ്രതീക്ഷിച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിലൂടെ പൂർണ എന്ന പേരിൽ ശ്രദ്ധേയമായ താരമായി മാറാൻ ഷംനയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ജയിലർ 2വിലെ ഡാൻസ് നമ്പറിലൂടെ വീണ്ടും വലിയ രീതിയിൽ ചർച്ചയാകുകയാണ് താരം.

കരിയറിലെ പ്രതിസന്ധികളെ അതിജീവിച്ച് നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും മുന്നേറുന്ന ഷംനയുടെ തുറന്നുപറച്ചിൽ ആരാധകർക്കിടയിലും ശ്രദ്ധ നേടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button