മമ്മൂട്ടി തുറന്നുപറയുന്ന പ്രകൃതക്കാരൻ, മോഹൻലാലുമായി ആദ്യകാലത്ത് അധികം സംസാരിക്കാറില്ലായിരുന്നു; അനുഭവങ്ങൾ പങ്കുവെച്ച് ശോഭന

മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടി ശോഭന. ഇരുവർക്കുമൊപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ശോഭനയുടെ പഴയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി പൊതുവെ അൽപ്പം അകലം പാലിക്കുന്ന പ്രകൃതക്കാരനാണെങ്കിലും വളരെ ലളിതമായ വ്യക്തിയാണെന്ന് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതായി ശോഭന പറഞ്ഞു. ജോലിയിൽ പൂർണ ശ്രദ്ധ നൽകുന്നയാളാണ് അദ്ദേഹം. പ്രായോഗികമായും ക്രിയാത്മകമായും ചിന്തിക്കുന്ന മമ്മൂട്ടി മനസിലുള്ള കാര്യങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണെന്നും ശോഭന ഓർത്തെടുത്തു.
മമ്മൂട്ടിക്കൊപ്പം 50-60 സിനിമകളോളം അഭിനയിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു. ഒരിക്കൽ ഒരേ സ്ഥലത്തുണ്ടായിരുന്നപ്പോൾ മമ്മൂട്ടിയെ ഫോണിൽ വിളിച്ച് കാണാൻ എത്തുന്ന കാര്യം അറിയിച്ചിരുന്നു. അന്ന് ഭാര്യ സുൽഫത്ത് അദ്ദേഹത്തിനായി വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരാറുണ്ടായിരുന്നു. എന്താണ് ഭക്ഷണമായി കൊണ്ടുവരേണ്ടതെന്ന് ചോദിച്ചപ്പോൾ പത്തിരിയും മീൻകറിയുമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഷൂട്ടിങ് വൈകിയതിനാൽ രാത്രി മൂന്ന് മണിവരെ അവർ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചെന്നും ശോഭന വെളിപ്പെടുത്തി.
മോഹൻലാലുമായുള്ള ആദ്യകാല അനുഭവങ്ങളും ശോഭന പങ്കുവെച്ചു. ഏകദേശം ഒരേ പ്രായക്കാരായിരുന്ന ഇരുവരും തുടക്കത്തിൽ കുട്ടികളെപ്പോലെയായിരുന്നുവെന്നും ആദ്യ സിനിമകളിൽ വലിയ അടുപ്പമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. വ്യത്യസ്ത സ്വഭാവമുള്ള രണ്ട് ചെറുപ്പക്കാർ ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സാഹചര്യം അങ്ങനെയായിരുന്നുവെന്നും പരസ്പരം അധികം സംസാരിക്കാറില്ലായിരുന്നുവെന്നും ശോഭന ഓർത്തെടുത്തു. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ മാറി ബന്ധം കൂടുതൽ സുഖകരമായെന്നും താരം വ്യക്തമാക്കി.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വ്യക്തിത്വങ്ങളിലെ വ്യത്യാസങ്ങളും അവർക്കൊപ്പമുള്ള സിനിമാ അനുഭവങ്ങളും ഒരിക്കൽക്കൂടി ചർച്ചയാക്കുന്നതാണ് ശോഭനയുടെ ഈ വെളിപ്പെടുത്തലുകൾ.



