ശബരിമല വിവാദം: പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻ മന്ത്രി വി.എൻ. വാസവൻ. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുൻകൈ എടുത്ത് ദേവസ്വം ബോർഡിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകണം. 32 വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണെന്നും സർക്കാർ ബോർഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും വി.എൻ. വാസവൻ പ്രതികരിച്ചു.
കഴിഞ്ഞ മണ്ഡലകാലത്ത് ജൂൺ മാസം തന്നെ ആദ്യ യോഗം വിളിച്ചിരുന്നതായും തീർത്ഥാടനം തുടങ്ങും മുമ്പ് ഏഴ് യോഗങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവിധ ഏകോപനവും ചെയ്താണ് അന്ന് കാര്യങ്ങൾ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തലല്ല, ചർച്ച ചെയ്ത് യോജിച്ചു മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദേവസ്വം മന്ത്രിയും ബോർഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ സർക്കാരിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മണ്ഡലകാല മുന്നൊരുക്കങ്ങൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് മന്ത്രി കെ. മുരളീധരൻ. ദേവസ്വം ബോർഡിന് അലംഭാവമുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് മന്ത്രിയുടെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.
എന്നാൽ, മന്ത്രിയുടെ ആരോപണങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തള്ളി. മണ്ഡല ഒരുക്കത്തിൽ വീഴ്ചയോ അലംഭാവമോ ഉണ്ടായിട്ടില്ലെന്നും കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതിനാലാണ് അരവണ ക്ഷാമം ഉണ്ടായത്. ഭഗവാൻ ഏൽപ്പിച്ച ദൗത്യം കാലാവധി പൂർത്തീകരിക്കും വരെ നിർവഹിക്കുമെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.



