സിജെപി സമരത്തിന് പിന്തുണ; വേടനെതിരെ കേസ്

കൊച്ചി: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ച റാപ്പർ വേടനും സംഘത്തിനുമെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനാണ് എറണാകുളം സൗത്ത് പൊലീസ് നടപടിയെടുത്തത്. വേടന്റെ മാനേജർ വിഗ്‌നേഷ്, പരിപാടിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന തൊണ്ണൂറോളം പേർ എന്നിവരെ പ്രതി ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തുന്നുണ്ട്.
ജൂലായ് 20ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രൂരമായ ലാത്തിച്ചാർജാണ് പ്രയോഗിച്ചത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ ആക്രമിച്ചതിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു




