കോഫി ഷോപ്പ് ഉദ്ഘാടനം എന്ന് ചിലർ കരുതി; അത് 400 കോടിയുടെ പദ്ധതിയാണ്’

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്സി) ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിന്റെ വ്യവസായ വികസനത്തിന് തണലായി കുടയായി എന്നും നിലനിൽക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎഫ്സി. ആ സ്ഥാപനം വളർച്ചയുടെ വഴികൾ താണ്ടുകയാണ്.
സംരംഭകരെ ഇൻസ്പെയർ ചെയ്യുന്ന തരത്തിലുള്ള വലിയ ഏജൻസിയാക്കി മാറ്റണം എന്നതാണ് സങ്കൽപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ 2 കോടി വരെ പരിധിയുണ്ടായിരുന്ന ലോൺ പരിധി 5 കോടി രൂപയാക്കി ഉയർത്തിയെന്നും അദ്ദേഹം അറിയിച്ചു. സംരംഭകളുടെ ചീഫ് പ്രൊമോട്ടർക്ക് 50 ആയിരുന്നു പ്രായപരിധി. അത് 60 വയസാക്കി. 50 കോടിയുള്ള വലിയ വായ്പ 100 കോടി രൂപ വരെയാക്കി. വലിയ സംരംഭങ്ങൾക്ക് വലിയ പിന്തുണ നൽകാൻ കെഎഫ്സിക്ക് കഴിയും. ഇന്ത്യയിലെ നമ്പർ വൺ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനാക്കി കെഎഫ്സിയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ‘ബൈ മി എ കോഫീ’ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ബൈ മി എ കോഫീയെക്കുറിച്ചുള്ള ചില വാർത്തകൾ വന്നപ്പോൾ താൻ കോഫീ ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയതാണെന്ന് ചിലർ വിചാരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ 400 കോടിയോളം മുതൽ മുടക്കുള്ള 20 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന പ്രോജക്ടാണ് അതെന്ന് അദ്ദേഹം വ്യക്തമാക്കി. ആ പ്രോജക്ടിനെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.’കരുവാരകുണ്ടിലുള്ള ഒരു ഗ്രാമത്തിൽ ജനിച്ച രണ്ട് സഹോദരങ്ങളാണ് അതിന് പിന്നിൽ.
അവരിൽ ഒരാൾ 13ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും യംഗസ്റ്റ് വ്ലോഗർ ആയതാണ്. നമ്മുടെ സോഷ്യൽ മീഡിയിൽ ഇടുന്ന പോസ്റ്റ് എല്ലാത്തിനും കുറെ വ്യൂവേഴ്സിനെ കിട്ടിക്കഴിയുമ്പോൾ അതിൽനിന്ന് പൈസ ക്ലെയിം ചെയ്യാൻ കഴിയും. അത് ക്ലെയിം ചെയ്യാനുള്ള ഒരു ആപ്പ് അവർ ഡെവലപ്പ് ചെയ്തെടുത്തു. 400 കോടി രൂപയുടെ പ്രൊജക്ടാണ്. 20 രാജ്യങ്ങളിലുള്ള പ്രോഡക്ടാണ്. അതിന് മനോഹരമായ ഒരു പേരും അവർ ഇട്ടിട്ടുണ്ട്. ‘ബൈ മി എ കോഫീ’. ചില വാർത്തകൾ വന്നപ്പോൾ ഞാൻ കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാനാണ് പോയതെന്ന് വിചാരിച്ചു.
എന്തായാലും അത് മലയാളികളായ രണ്ട് ചെറുപ്പക്കാരുടെ ഗ്ലോബൽ പ്രോജക്ടാണ്. അതിന്റെ ഓഫീസ് കേരളത്തിൽ ആദ്യമായിട്ട് തുറക്കുകയാണ്. 20 രാജ്യങ്ങളിൽ ഓഫീസുണ്ട്. അവരോട് സംസാരിച്ചപ്പോൾ നമ്മൾ ഇൻസ്പയർഡ് ആവുകയാണ്. എന്തൊരു ആവേശമാണ്. എന്തൊരു കോൺഫിഡൻസ് ആണ്. അതുപോലെ പുതിയ ആശയങ്ങളുമായി ആളുകൾ വരികയാണ്. ആ ആശയങ്ങളെ നമുക്ക് പ്രൊജക്ടുകളാക്കി ട്രാൻസലേറ്റ് ചെയ്യാൻ കഴിയണം. അതിന് അവർക്കൊരു സപ്പോർട്ട് കൊടുക്കണം’- മുഖ്യമന്ത്രി പറഞ്ഞു.



