News

ബത്തേരിയിൽ ഷിഗെല്ല ഭീതി വർധിക്കുന്നു; സ്കൂൾ കിണറിൽ അപകടകരമായ ബാക്ടീരിയകൾ, 8 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു

സുൽത്താൻ ബത്തേരി: വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോ‍ർട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളമാണ് കിണറിലേത് എന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്കൂളിലെ മൊത്തം 8 വിദ്യാർഥികൾക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3 വിദ്യാർഥികൾക്കും ഇന്ന് 5 വിദ്യർഥികൾക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ 502 വിദ്യാർഥികൾക്ക് ആണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. 44 വിദ്യാർത്ഥികൾ ചികിത്സയിലാണ്. കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 വിദ്യാർഥികൾക്ക് കൂടി രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക
അതേസമയം കോളിയാടിയിലെ ഷിഗല്ലെ പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്ക കനക്കുകയാണ്. നേരത്തെ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്കൂളിലെ കുട്ടികളുടെ സമ്പർക്കം വഴി രോഗ ലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 27 ആയതും ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്. ഇവരുടെ സമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button