ഡിവൈഎഫ്ഐയിലെ പ്രായപരിധിയിൽ കടുത്ത ഭിന്നത; 38 വയസ്സ് അംഗീകരിക്കാനാകില്ലെന്ന് വിമർശനം

ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 38 ആക്കി നിശ്ചയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ രംഗത്ത്. 38 വയസ്സ് എന്നത് അംഗീകരിക്കാനാകില്ലെന്നും, ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനാണ് പ്രായപരിധി കുറച്ചതെന്നുമാണ് ഫ്രാക്ഷൻ യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. കഴിഞ്ഞദിവസം എം.വി. ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശം പാർട്ടിയുടെ ഔദ്യോഗിക തീരുമാനം അല്ലെന്നാണ് വിമർശനം ഉന്നയിച്ച നേതാക്കളുടെ നിലപാട്. ഡിവൈഎഫ്ഐയുടെ കേന്ദ്ര നേതാക്കൾ അടക്കം പലരും 40 വയസ്സ് കഴിഞ്ഞവരാണെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഡിവൈഎഫ്ഐയിൽ 40 വയസ്സാണ് പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ളത്.
അതിനിടെ, ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ തെരഞ്ഞെടുക്കാൻ ധാരണയായിട്ടുണ്ട്. ചിന്ത ജെറോമിനെ തെരഞ്ഞെടുത്താൽ ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി അവർ മാറും. ഫ്രാക്ഷൻ യോഗത്തിൽ എം.വി. ഗോവിന്ദൻ ഈ പാനൽ അവതരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പേരും ചർച്ചകളിൽ ഉയർന്നു വന്നെങ്കിലും പിന്നീട് ആ പദവിയിലേക്ക് ചിന്ത ജെറോമിനെയാണ് പരിഗണിച്ചത്.




