News

‘ഷാഫി മികച്ച പൊട്ടൻഷ്യലുള്ള നേതാവ്; മുന്നേറാൻ ഫ്ലക്സിന്റെ ആവശ്യമില്ല’; പിന്തുണയുമായി ടി. സിദ്ദിഖ്

വയനാട്: ഷാഫി പറമ്പിൽ മികച്ച പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ടുപോകാൻ ഫ്ലക്സ് ബോർഡുകൾ വെക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ടി. സിദ്ദിഖ്. കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന വ്യക്തിയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിപിഎമ്മിൽ ഇ.പി-പി.ജെ തർക്കം ഉൾപ്പെടെയുള്ള ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

വയനാട് ജില്ല രാജ്യത്തിന് തന്നെ അഭിമാനകരമായ ഒരു നേട്ടം കൈവരിക്കാൻ പോവുകയാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ആദ്യത്തെ ഇ-വേസ്റ്റ് രഹിത ജില്ലയായി വയനാടിനെ മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണിതെന്ന് സിദ്ദിഖ് പറഞ്ഞു. ഇതിന് പിന്നാലെ പ്ലാസ്റ്റിക് രഹിത ജില്ലയാക്കി വയനാടിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിനായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കേണ്ടതുണ്ടെന്നും ദീർഘകാല പദ്ധതി എന്ന നിലയിൽ ഇതിനാവശ്യമായ പ്ലാറ്റ്‌ഫോമും റോഡ് മാപ്പും ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്താണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലും സമാനമായ രീതിയിൽ ഷാഫി അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button