സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷം; പ്രശ്നപരിഹാര നീക്കവുമായി സണ്ണി ജോസഫ് ഡൽഹിയിൽ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളായ പശ്ചാത്തലത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിയിലെത്തി. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് യാത്രയെങ്കിലും, ഡൽഹിയിൽ വെച്ച് കോൺഗ്രസ് ദേശീയ നേതൃത്വവുമായി രാഷ്ട്രീയ കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും ഡൽഹിയിലേക്ക് മടങ്ങിയിട്ടുണ്ട്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഇരു നേതാക്കളും കെപിസിസി ആസ്ഥാനത്ത് ചേർന്ന് വിലയിരുത്തിയിരുന്നു.
കൂടിയാലോചനകളില്ലാതെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ അവഗണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ‘എ’ വിഭാഗം നേതാക്കൾ കോൺഗ്രസ് അധ്യക്ഷനെ കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ ഡൽഹി യാത്ര. വൈദ്യുതി വാങ്ങലിലും പിഎസ്‌സി നിയമനങ്ങളിലും തന്നെ വിശ്വാസത്തിലെടുക്കാതെ നീങ്ങിയതിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്തിയും അമർഷവുമുണ്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാൻ താൻ തയ്യാറാണെന്നും, എന്നാൽ ആ പദവിയിൽ തുടരുന്ന കാലത്തോളം തന്നെക്കൂടി വിശ്വാസത്തിലെടുത്ത് വേണം സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ എടുക്കാനെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യം ഡൽഹി ചർച്ചകളിൽ സണ്ണി ജോസഫ് വ്യക്തമാക്കുമെന്നാണ് സൂചന. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാനുള്ള അനുമതിയും അദ്ദേഹം തേടിയിട്ടുണ്ട്.




