മാസപ്പടി കേസിൽ വീണയ്ക്ക് തിരിച്ചടി; നിർണായക രേഖകൾ ഇഡിയ്ക്ക് കൈമാറി

കൊച്ചി: മാസപ്പടി കേസിൽ നിർണായക മുന്നേറ്റമായി സുപ്രധാന രേഖകൾ Serious Fraud Investigation Office എസ്എഫ്ഐഒ Enforcement Directorate ഇഡിക്ക് കൈമാറി. കോടതിയിൽ ഹാജരാക്കിയ 134 നിർണായക രേഖകളാണ് ഇഡിക്ക് ലഭിച്ചത്. കൊച്ചിയിലെ കമ്പനികാര്യ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ ഇഡി നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി.
രേഖകൾ കൈമാറുന്നതിനെതിരെ Cochin Minerals and Rutile Limited സിഎംആർഎൽ കോടതിയിൽ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും, തടസവാദങ്ങൾ തള്ളിക്കൊണ്ട് രേഖകൾ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും രേഖകൾ ലഭിക്കുന്നതിലുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
Veena Vijayan വീണ വിജയനും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദായ നികുതി റിട്ടേണുകൾ ഉൾപ്പെടെയുള്ള നിർണായക രേഖകളാണ് എസ്എഫ്ഐഒ ഇഡിക്ക് കൈമാറിയത്. ഈ മാസം 29ന് രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വീണ വിജയനെ വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ രേഖകൾ ലഭ്യമായത് അന്വേഷണത്തിന് കൂടുതൽ കരുത്താകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.
അതേസമയം, ഈ മാസം 17ന് വീണ വിജയനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ചില രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29-ാം തീയതിയിലേക്ക് തുടർചോദ്യം ചെയ്യൽ നിശ്ചയിച്ചിരിക്കുന്നത്. കേസിലെ പുതിയ രേഖകൾ പുറത്ത് വന്നതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് വിലയിരുത്തൽ.




