സതീശന്റേത് പച്ചനുണ, ജനാധിപത്യ കശാപ്പിനെ ന്യായീകരിക്കുന്നു; വി. ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം. വി. ജയരാജൻ

എസ്.ഐ.ആറിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം. പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം പച്ചനുണയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു. ജനാധിപത്യ കശാപ്പിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ന്യൂനപക്ഷ, സ്ത്രീ, ദളിത് വോട്ടർമാരെ പട്ടികയിൽ നിന്ന് കൂട്ടത്തോടെ നീക്കം ചെയ്യുകയും എന്യുമറേഷൻ ഫോം കൃത്യമായി വിതരണം ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു ഡസനോളം പരാതികൾ സി.പി.എം. അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് രേഖാമൂലം നൽകിയിരുന്നുവെന്നും സംസ്ഥാന, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെ കണക്കുകളിൽ വലിയ വൈരുദ്ധ്യങ്ങൾ നിലനിന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ട് തള്ളുന്നതിനും പുതിയത് ഉൾപ്പെടുത്തുന്നതിനുമായി നൽകിയ അപേക്ഷകളിൽ വൻ ക്രമക്കേട് നടത്തുകയും വ്യാജ വോട്ടർമാരെ തിരുകിക്കയറ്റുകയും ചെയ്തിട്ടുണ്ടെന്ന് എം.വി. ജയരാജൻ കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ തന്നെ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ ഖേൽക്കർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ ബി.ജെ.പിയും സംസ്ഥാനത്ത് യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ ഒരുപോലെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ ഇരു കൂട്ടരും ഒത്തുചേർന്ന് പ്രവർത്തിക്കുകയാണെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.



