ശബരിമല കടമുറി ടെൻഡർ അട്ടിമറി; കർശന നടപടിയുണ്ടാകുമെന്ന് കെ. ജയകുമാർ

പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി സംഭവത്തിൽ തുറന്നടിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്. ഈ വിഷയത്തിൽ യാതൊരുവിധത്തിലുള്ള സംഘടിത ബ്ലാക്ക് മെയിലിംഗിനും ദേവസ്വം ബോർഡ് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ നിന്ന് ടെൻഡർ വിവരങ്ങൾ ചോരുന്നത് ഒട്ടും അത്ഭുതകരമായ കാര്യമല്ലെന്നും, ഇവിടെ നിന്ന് പല കാര്യങ്ങളും
ഇതുപോലെ ചോരാറുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ. ജയകുമാർ അറിയിച്ചു. ഭക്തരും പൊതുജനങ്ങളും വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറിയെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ റീ-ടെൻഡർ വിളിച്ചിരുന്നു. സന്നിധാനത്തെ 210 കടമുറികളുടെ നടത്തിപ്പിനായാണ് പുതിയതായി റീ-ടെൻഡർ ക്ഷണിച്ചത്. ശബരിമലയിലെ കടമുറികൾക്കായുള്ള രഹസ്യ ടെൻഡർ വിവരങ്ങൾ പുറത്തായതിന് പിന്നാലെ മുൻപ് നിശ്ചയിച്ചിരുന്ന രണ്ട് ഘട്ടങ്ങളായുള്ള ടെൻഡറുകളും ബോർഡ് റദ്ദാക്കുകയാണുണ്ടായത്.
ടെൻഡർ വിവരങ്ങൾ ചില കരാറുകാർക്ക് മുൻകൂട്ടി ചോർന്നുകിട്ടിയതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ തന്നെ കരാറുകാരെ രഹസ്യമായി സഹായിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. അന്ന് ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി. പ്രത്യേകമായി സ്ഥലത്തെത്തിയാണ് സംഭവത്തിൽ നേരിട്ട് അന്വേഷണം പൂർത്തിയാക്കിയത്.




