ശബരിമല സ്വർണപ്പാളി വിവാദം: ഹൈക്കോടതി അനുമതിയോടെ എസ്ഐടി പരിശോധന പൂർത്തിയാക്കി

ശബരിമല: ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയെന്ന വിവാദവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ക്ഷേത്രത്തിൽ നേരിട്ടെത്തി പരിശോധന പൂർത്തിയാക്കി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം ശബരിമലയിൽ പരിശോധന നടത്തിയത്.
പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ വിശദമായി പരിശോധിച്ച സംഘം, ശാസ്ത്രീയ പരിശോധനകൾക്കായി കൂടുതൽ സാമ്പിളുകളും ശേഖരിച്ചു. ഇളക്കി മാറ്റിയ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ച ശേഷമായിരിക്കും അന്വേഷണ സംഘം മടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ് നൽകി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണം തേടിയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
അടുത്തയാഴ്ച ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2025-ലെ ഇടപാടുകളും വിശദമായി പരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. മിഥുനമാസ പൂജകൾക്കായി നടതുറന്നിരിക്കുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.




